
ബര്ലിന്: ജര്മ്മന് തലസ്ഥാനമായ ബര്ലിനില് ഇന്ത്യന് വിദ്യാര്ത്ഥികള് താമസിച്ചിരുന്ന വലിയൊരു റെസിഡന്ഷ്യല് കെട്ടിടത്തില് നിന്ന് അമ്പതിലധികം വിദ്യാര്ത്ഥികളെ ബര്ലിന് പോലീസും നഗരസഭാ അധികൃതരും ചേര്ന്ന് അടിയന്തരമായി ഒഴിപ്പിച്ചു. പെട്ടെന്നുണ്ടായ ഒഴിപ്പിക്കല് നടപടിയെ തുടര്ന്ന് പെരുവഴിയിലായ വിദ്യാര്ത്ഥികളില് ഭൂരിഭാഗവും മലയാളികളാണ്. കെട്ടിടത്തിന്റെ സുരക്ഷാ മാനദണ്ഡങ്ങളിലെ വീഴ്ച ചൂണ്ടിക്കാട്ടിയാണ് അധികൃതരുടെ ഈ അപ്രതീക്ഷിത നടപടി.കെട്ടിടം പൂര്ണ്ണമായി സീല് ചെയ്തു:
ബര്ലിന് സ്റെറഗ്ളിറ്റ്സ്~സെലന്ഡോര്ഫ് ജില്ലാ ഭരണകൂടത്തിന്റെ (Bezirksamt SteglitzZehlendorf von Berlin) കീഴിലുള്ള നഗരവികസന~കെട്ടിട നിര്മ്മാണ പരിശോധനാ വിഭാഗമാണ് (Stadtentwicklungsamt Bau und Wohnungsaufsicht) കെട്ടിടത്തില് പരിശോധന നടത്തിയ ശേഷം അടിയന്തരമായി അടച്ചുപൂട്ടാന് ഉത്തരവിട്ടത്.
തുടര്ന്ന് കെട്ടിടത്തിലേക്ക് പ്രവേശിക്കുന്നതും താമസിക്കുന്നതും പൂര്ണ്ണമായി നിരോധിച്ചുകൊണ്ട് ('Bauaufsichtlich gesperrt! Betreten und Benutzung der Wohnung verboten') പ്രവേശന കവാടത്തില് ഔദ്യോഗിക നോട്ടീസ് പതിപ്പിച്ചു. ഫയര് സേഫ്റ്റി മാനദണ്ഡങ്ങളിലെ ഗുരുതരമായ വീഴ്ചയോ, അനുമതിയില്ലാത്ത നിര്മ്മാണങ്ങളോ, പരിധിയില് കവിഞ്ഞ ആള്ത്താമസത്തോടുകൂടിയ അപകടാവസ്ഥയോ കാരണമാണ് അധികൃതര് ഇത്തരത്തില് അടിയന്തരമായി കെട്ടിടം പൂട്ടുന്നത്. വഴിയാധാരമായി മലയാളി വിദ്യാര്ത്ഥികള്; ഇടപെട്ട് ഇന്ത്യന് എംബസി:50 മുതല് 60 ഓളം വിദ്യാര്ത്ഥികളാണ് ഈ നടപടിയോടെ ഒരൊറ്റ പ്രഭാതം കൊണ്ട് താമസസ്ഥലം നഷ്ടപ്പെട്ട് പ്രതിസന്ധിയിലായത്. ഇവരില് ഭൂരിഭാഗം പേരും പഠനാവശ്യങ്ങള്ക്കായി കേരളത്തില് നിന്നെത്തിയ മലയാളി വിദ്യാര്ത്ഥികളാണ്.
അപ്രതീക്ഷിതമായി വീട് നഷ്ടപ്പെട്ട വിദ്യാര്ത്ഥികള്ക്ക് താല്ക്കാലിക താമസ സൗകര്യമൊരുക്കാന് ഇന്ത്യന് എംബസി അധികൃതരും മലയാളി കൂട്ടായ്മകളും അടിയന്തരമായി രംഗത്തിറങ്ങിയിട്ടുണ്ട്. സോഷ്യല് വോണുംഗ് (Social Wohnung) വഴിയോ തദ്ദേശീയ അടിയന്തര ഷെല്ട്ടറുകള് വഴിയോ സൗകര്യങ്ങള് തേടാന് വിദ്യാര്ത്ഥികളോട് ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും, ഒരൊറ്റ ദിവസം കൊണ്ട് ഇത്രയധികം ആളുകള്ക്ക് നഗരത്തില് സര്ക്കാര് സംവിധാനങ്ങള് വഴി താമസം കണ്ടെത്തുക അസാധ്യമായ സാഹചര്യമാണുള്ളത്.
പ്രവാസി സമൂഹത്തോട് അടിയന്തര സഹായ അഭ്യര്ത്ഥന:
ഈ വിഷമസന്ധിയില് ഇന്ത്യന് എംബസിയുടെ പ്രത്യേക നിര്ദ്ദേശപ്രകാരം ബര്ലിനിലെയും സമീപ പ്രദേശങ്ങളിലെയും പ്രവാസി സമൂഹത്തോട് സഹായം അഭ്യര്ത്ഥിച്ചിരിക്കുകയാണ്. ഇന്ന് രാത്രിയോടെ താമസസ്ഥലം ഉറപ്പാക്കാന് സാധിക്കാത്ത വിദ്യാര്ത്ഥികള്ക്ക് ഏതാനും ദിവസത്തേക്ക് തങ്ങളുടെ വീടുകളില് താല്ക്കാലികമായി അഭയം നല്കാന് സാധിക്കുന്ന സുമനസ്സുകള് അടിയന്തരമായി മുന്നോട്ട് വരണമെന്ന് കമ്മ്യൂണിറ്റി പ്രതിനിധികള് അഭ്യര്ത്ഥിച്ചു. കൂടുതല് ശാശ്വതമായ താമസ സൗകര്യങ്ങള് ക്രമീകരിക്കുന്നതുവരെയുള്ള സഹായത്തിനായാണ് ഈ ആഹ്വാനം.

Comments: